Che

Che

Tuesday, December 20, 2016




സമര്‍പ്പണം, ഏറ്റം പൂജ്യനാം പിതാവിനു്



ആനന്ദാശ്രുകണങ്ങളാല്‍

ആരതി ഉഴിയട്ടെ ഞാന്‍

നിന്‍ പാദാന്തികത്തില്‍ ആദരാല്‍

ശിശുവായിരിക്കെ, ഈ കാതുകളില്‍

ശാന്തിമന്ത്രങ്ങള്‍ ഉരുവിട്ടു പഠിപ്പിച്ചു നീ

സ്നേഹ മന്ത്രങ്ങള്‍ ചൊല്ലിത്തന്നു നീ



തെല്ലും അറിഞ്ഞതീല ഞാന്‍

നിന്‍ സംരക്ഷണത്തിന്‍ കീഴില്‍

എന്‍ നാടു് ഏറ്റം അപമാനിക്കും

ഒരു പെണ്‍കുഞ്ഞു ഞാനെന്നു്



സ്വാതന്ത്ര്യ ബോധമേകി

മനുഷ്യ ജീവിയായ് പോറ്റി

അടിമ ബോധം നല്‍കിയതില്ല

ഏറ്റം പൂജ്യനാം പിതാവേ

സ്നിഗ്ദ്ധ ഗായകാ,

നീയൊരു മഹാ മേരു !

നിന്‍ മരുപ്പച്ചയില്‍ നിന്നു ഞാന്‍

രുധിരവും നീരും നുകര്‍ന്നു



ഇന്നു്, മറ്റൊരു മേരുവായ്

വിജയവൈജയന്തിയായ് വളര്‍ന്നിരിക്കെ

അചിരേണ, ഒരു കല്പനാവിപ്ലവകാരിയായ്

പരിണമിക്കട്ടെ ഞാന്‍ !


Sunday, December 11, 2016




മൃത്യു



"മരണമേ ! നിന്നുടെ തേരേറി

അമര്‍ത്യതയിലേയ്ക്കു് കുതിപ്പാന്‍

എത്രനാളായ് ഞാന്‍ കൊതിപ്പൂ"

മാടി മാടി വിളിച്ചു്

വഴുതി വഴുതി മാറി

"എന്നവസാനിപ്പിക്കും നീ

ഈ ഒളിച്ചുകളി ?”

ഹാ ! ക്ഷിപ്രം പാടിമറയുമൊരു

രാക്കുയിലാവട്ടെ ഞാന്‍ !




പ്രണയം



ഒരു സ്നേഹമയനായ കാന്തന്‍

കാന്തയോടു് ചൊല്ലിയത്രേ

"പ്രിയേ ! മരണമെനിക്കു് കരണീയം

നിന്‍മരണത്തിനു് ശേഷം മാത്രം

തിരിച്ചാകയാല്‍ നീ ഖിന്നയാകുമെന്നതു്

എനിക്കത്രമേല്‍ അസഹനീയം.”





നാരായണ ! നാരായണ !



ചൊല്‍വിളിയില്ലാത്ത തനയനെക്കുറിച്ചു്

ഒരു തായതന്‍ പരിഭവം

"അവനു് നാമം 'നാരായണ' എന്നാകുകില്‍

മോക്ഷപ്രാപ്തി എനിക്കെത്രമേല്‍ സുഗമം !"


Wednesday, December 7, 2016




ഇറോം ചാനു ശര്‍മ്മിള, നിനക്കായ് സ്നേഹപൂര്‍വ്വം



മണിപ്പൂര്‍ മണിപ്പൂര്‍

നീയെത്ര ധന്യ

ശര്‍മ്മിളയെ വഹിച്ച

നിന്നുദരമെത്ര ധന്യം



അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ

സ്വാതന്ത്ര്യം, ദുരിത നിവാരണം

തന്‍ ദൌത്യമെന്നു് നീയുറക്കെ പ്രഖ്യാപിക്കെ

ദേവാംഗനെ ! ഇന്‍ക്വിലാബിന്‍ ഈരടികളാല്‍

നിനക്കു് ഞാന്‍ മംഗളം പാടുന്നു



നീയൊരു നാണം കുണുങ്ങി, ഏകാന്തിനി

ഇഷ്ടവിഷയങ്ങളാല്‍ നിന്നെ പ്രകോപിപ്പിച്ചാല്‍

നീയൊരു ഫയര്‍ബ്രാന്‍ഡ്



നവംബര്‍ 1, 2000 മാലം ഗ്രാമ പ്രാന്തത്തില്‍

പത്തു് നിഷ്കളങ്ക യാത്രികര്‍, ബസ് സ്റ്റാന്റില്‍

അസം റൈഫിള്‍സ് പട്ടാളക്കാരാല്‍

നിഷ്ഠൂരം കൊലചെയ്യപ്പെടവെ,

AFSPA പിന്‍വലിക്കാന്‍

അരംഭിച്ചതല്ലോ നിന്‍ സഹന സമരം



44 ന്‍ പടിവാതിലില്‍ എത്തിനില്‍ക്കെ

16 സംവത്സരം ഇതിഹാസ പട്ടിണി സമരം

നീ സമതയ്ക്കായ് നിര്‍ഭയയായി, നിര്‍ല്ലജ്ജയായ്,

വൈരമന്യേ നീ നയിക്കെ

ഭാവുകങ്ങള്‍ നേരുന്നു

ഞങ്ങള്‍ നിന്‍ പുതിയ സംഘത്തിനു്

പാര്‍ടിക്കു്



ചൊല്ലട്ടെ വിജയമന്ത്രങ്ങള്‍

നിക്കായ്, നിന്‍ ജനതതിക്കായ്



നിന്‍ പ്രണയിതാവു് ദേശ്മണ്ട്,

ഒരു ബ്രിട്ടീഷ് പൌരന്‍

ഏതു് പ്രണയവും പോല്‍

വര്‍ണ്ണങ്ങള്‍ വാരി വിതറി നിന്‍

ജീവിതത്തിലും



അവനുടെ ആത്മ സാമീപ്യം

നിനക്കു് സ്ഥൈര്യവും ഊര്‍ജ്ജവും

അവന്‍ തന്‍ വാസസ്ഥലമാം അയര്‍ലന്‍ഡിലേയ്ക്കു്

മണിപ്പൂര്‍ ജനതയ്ക്കായ് നീ പോകാതിരിക്കെ

അവന്‍ നിന്‍ അരികിലേയ്ക്കു് വന്നില്ലെങ്കിലും

ഏകാന്തത തന്‍ വിധിയെന്നു് ധരിക്കുമെന്നും

എന്നത്തേയും പോല്‍ അവനുടെ ആത്മ സാന്നിദ്ധ്യം

മതിയെന്നും സംതൃപ്തയെന്നും നീ ചൊല്‍കെ

നിന്നുടെ നിശ്ചയദാര്‍ഢ്യത്തിനു് മുന്‍പില്‍

ഗദ്ഗദസമേതം, ശിരസ്സുനമിപ്പൂ ഞങ്ങള്‍



കാര്‍മ്മല്‍ മലപോലെ

നിന്റെ ശിരസ്സ് ഉയര്‍ന്നു നില്കുന്നു

പ്രിയേ, തിര്‍സാനഗരം പോല്‍

നീ മനോഹരി

നിന്റെ തലമുടി ഗിലയാദ്

മലഞ്ചെരുവുകളിലേയ്ക്കിറങ്ങി വരുന്ന

കോലാട്ടിന്‍ പറ്റം പോല്‍

കന്യകമാര്‍ നിന്നെക്കണ്ടു്

ഭാഗ്യവതിയെന്നു് വിളിക്കട്ടെ‌‌



ഉഷസ്സുപോലെ ശോഭിക്കുന്നവളും

സൂര്യനേപ്പോലെ തേജസ്വിനിയും

കൊടിക്കൂറകളേന്തുന്ന സൈന്യത്തേപ്പോലെ

ഭയദയും ആയ ഇവള്‍ ആരാണു് ?

(കടപ്പാടു് :(1) പാട്ടുകളുടെ പാട്ടു്, ഉത്തമഗീതം, വി. ബൈബിള്‍ (2) The Hindu, Sunday Magazine dated 04-12-2016 : Article titled 'No Fear, no shame, no hate' by Pradip Phanjoubam)





സ്ത്രീ



ഞാനൊരു നാരി

ഞാനൊരു തനയ

ഞാനൊരംബാലിക



ഞാനൊരു ഖഗം

കൃത്യമാം ഇടവേളകളില്‍

അതേ അസുരന്‍

എന്റെ തൂവലുകള്‍

പറക്കാനാവാത്ത വിധം

വെട്ടിയൊരുക്കുന്നു



അറിയുമോ നീയെന്നെ

നിന്നെപ്പോല്‍ തന്നെ

വിണ്ണിന്‍ നിലയില്ലാക്കയങ്ങളില്‍

നീന്തിനീരാടാന്‍ കൊതിച്ചവള്‍ ഞാന്‍

ആകാശപ്പരപ്പില്‍ നിന്നോടു് ചേര്‍ന്നു്

മുങ്ങാംകുഴിയിടുന്നതു് കിനാകണ്ടവള്‍



ജീവിതം എനിക്കിന്നൊരു പോരാട്ടം

ഈ ജീവിതമെനിക്കു് സമരം



ഉണ്ണീ

ഈ വേദന അത്യുഗ്രം, അതികഠിനം

ഈ അംബതന്‍ ഖിന്നയാം

കാര്‍കൊണ്ട വദനം പാര്‍ത്തീടുകിലും

നീ വാളെടുക്കാത്തതെന്തു് ?



ഭസ്മമാക്കുക നീയീ അസുരനെ

പിതൃദായ സമ്പ്രദായത്തിന്‍ അവശേഷിപ്പുകളെ



നീയും ഞാനും തോളോടുതോള്‍ ചേര്‍ന്നു് കര്‍മ്മനിരതരാകുന്ന

ആ നല്ല നാള്‍ ഉദിക്കട്ടെ





പിതൃദായ സമ്പ്രദായം



ഹേ പുരുഷാ !

എന്നു നീ നിന്‍ സഖിയെ, കൂട്ടിണയെ തിരിച്ചറിയും ?

എന്നു് നീയവളെ ചേര്‍ത്തു നിര്‍ത്തും ?



തലയണയാവണം ഇടതുകരം

ആലിഗനം ചെയ്യുവാന്‍ വലതുകരം

ഇവിടെയോ കരങ്ങള്‍ മര്‍ദ്ദനോപാധികള്‍

മസ്തിഷ്ക പ്രക്ഷാളനം വേറെ.



നാരിമാര്‍തന്‍ ചുടുകണ്ണീര്‍ കണങ്ങള്‍

ഒരു സരിത്തായ് പ്രവഹിച്ചാല്‍

വസുന്ധരയ്ക്കു് അതു് നാശമാം

നയനങ്ങളിലെ രോഷം

ഒരനലനായ് പടര്‍ന്നാല്‍

ധരിത്രിക്കതു ഭസ്മാന്തം !



ഉണ്ണീ,

തകര്‍ത്തെറിയൂ, ഈ പിതൃദായ

സമ്പ്രദായത്തിന്‍ അവശേഷിപ്പുകളെ

ഒരു പുതിയ ആകാശവും

പുതിയ ഭൂമിയും ഉയിര്‍കൊള്ളട്ടെ



എന്‍ സ്വനം നിനക്കാത്മഗീതമാകുന്ന

ഒരു നവലോകക്രമം ഉയിര്‍കൊള്ളട്ടെ !





ദാമ്പത്യം



ഡിസംബര്‍ ഒന്നു്, വ്യാഴം, 2016

മുന്‍പിലായ് നടുക്കും പത്ര വാര്‍ത്ത

ആഗ്രയില്‍, രണ്ടാമതും പെണ്‍കുഞ്ഞു് പിറക്കയാല്‍

കാന്തനും ബന്ധുക്കളും യുവതിക്കു് വിധിച്ചതു്

തലമുണ്ഡനം, മര്‍ദ്ദനം, സ്വഗേഹത്തില്‍ നിന്നു് ബഹിഷ്കരണവും



കുഞ്ഞിനു് 13 ദിവസം പ്രായം

ജനനി പടിക്കു് പുറത്തു്

അവള്‍ക്കു് കൈമുതലോ വിളര്‍ച്ച

ഏഴു് സംവത്സരം നീണ്ട ദാമ്പത്യ സമ്മാനം



തായേ !

എന്‍നയനങ്ങളില്‍ നിറയുന്ന

ചുടുകണ്ണീരാല്‍ ഞാന്‍ നിനക്കു്

ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു



അംഗനമാരില്‍ അഴകാര്‍ന്നവളെ

ഷാരോണിലെ പനിനീര്‍പൂവേ

താഴ്വരകളിലെ ലില്ലിപ്പൂവേ

ഇണപ്രാക്കള്‍പോലുള്ള നിന്‍കണ്‍കളിലെ ദൈന്യത

എനിക്കത്രമേല്‍ അസഹനീയം !



ലിംഗം (പെണ്‍) നിര്‍ണ്ണയിക്കുക പുരുഷ ജീനുകളെന്നു്

ശാസ്ത്രം നിസ്സംശയം തെളിയിച്ചിരിക്കെ

ദാരിദ്ര്യവും പെണ്‍ ജനനത്തിനു് വഴിവെയ്ക്കുമെന്നിരിക്കെ

നിരപരാധിയാം ഓമനേ

എന്‍ മാടപ്പിറാവെ, പൂര്‍ണ്ണവതീ

ഉയര്‍ത്തെഴുന്നേല്പിന്‍ കാതമണയെ

എന്റെ ഓമനേ, എന്റെ സുന്ദരി

നീയെഴുന്നേല്കുക, ഇറങ്ങി വരിക



നീ ചന്ദ്രനെപ്പോലെ കാന്തിമതിയും

സൂര്യനെപ്പോലെ തേജസ്വിനിയും

അമ്മയ്ക്കു് ഓമനയായവളെ

ഉദരത്തില്‍ വഹിച്ചവള്‍ക്കു് നീ അവികല

മുന്തിരിത്തോട്ടം നശിപ്പിക്കുന്ന കുറുക്കന്മാരെ

ആ ചെറു കുറുക്കന്മാരെ പിടികൂടുക;

നമ്മുടെ മുന്തിരത്തോപ്പു് പൂത്തുലയുന്നു



ജലസഞ്ചയങ്ങള്‍ക്കു് കെടുത്താനാവാത്ത വിധം

പ്രവാഹങ്ങള്‍ക്കു് ആഴ്ത്താന്‍ കഴിയാത്ത വിധം

തിരികൊളുത്തുക നാം പുതിയ പ്രതിരോധങ്ങള്‍ക്കു്



എന്റേയും നിന്റേയും, നമ്മുടെ, രോഷാഗ്നിയാല്‍

പ്രിയതേ ! ജ്വലിച്ചവസാനിക്കട്ടെ

ഈ അനീതിതന്‍ അവശേഷിപ്പുകള്‍

സമത്വത്തിന്‍, നന്മതന്‍ പുത്തന്‍ നാമ്പുകള്‍

വിടരുമീ പുതിയ പ്രഭാതം അണയട്ടെ.

(കടപ്പാടു് : പാട്ടുകളുടെ പാട്ടു്, ഉത്തമഗീതം - വി. ബൈബിള്‍)





വില



നാരികള്‍ക്കു് ഏറ്റം കൂടുതല്‍ വിലയുള്ളതെപ്പോള്‍ ?

ഹ ! ഹ ! ഹ ! കിടപ്പറയില്‍

നാരികള്‍ നിനയ്ക്കാറുണ്ടത്രേ !

അവന്‍ താനോ ഇവന്‍ !

Tuesday, December 6, 2016

ആ നല്ല നേതാവിനു്



മറയ്ക്കൊല്ല മുകിലേ, മറയ്ക്കൊല്ല

നീയെന്നുയിരാം കാര്‍വര്‍ണ്ണനെ

സൂര്യതേജസ്വിയാമെന്‍ നായകനെ

മഞ്ഞിനെ വെല്ലുമീ നൈര്‍മ്മല്യത്തെ



കളകളം പാടുമീ കുഞ്ഞിക്കിളിയെ

കുളിരിന്‍ കുളിരാം കുളിര്‍ തെന്നലിനെ

ചിലുചിലെ ചിലയ്ക്കും ചീവീടിനെ

മിനുമിനെ മിന്നും താരകത്തെ

പുഴയാകും മഴയാകും നീരുറവയെ



കണ്ടോട്ടെ ഞാനാ തിളങ്ങും മുത്തിനെ

അറിഞ്ഞോട്ടെ ഞാനാ യുഗപ്രാഭവം

നുകര്‍ന്നോട്ടെ ഞാനാ പരമാനന്ദം

നുണഞ്ഞോട്ടെ ഞാനീ നഭസ്സിന്‍ സ്വര്‍ണ്ണ കുംഭം



ആത്മശുദ്ധി തന്‍ നിറ രൂപം

നിറനിലാവാം ബുദ്ധ പൌര്‍ണ്ണമിയെ

നബിതന്‍ നേരിന്‍ നിസ്കാരത്തഴമ്പിനെ

സര്‍വ്വ സമസ്യകള്‍ക്കും ഉത്തരമരുളും അവനെ

എന്‍ ജീവിതത്തിന്‍ മഴയാനുഭവമേ

തോരാ മഴതന്‍ കേദാരമേ



കണ്ടോട്ടെ ഞാന്‍ ശോകം തുളുമ്പുമീ രാജീവ നയനനെ

നുകര്‍ന്നോട്ടെ ഞാനാ അമ്പിളിച്ചന്തം മന്ത്രിക്കട്ടെ ഞാനെന്‍ കിനാക്കളേറെയും

പകര്‍ന്നോട്ടെ ഞാനീ മധു ചഷകം

നല്‍കട്ടെ ഞാനൊരു ദൃഢ ഹസ്ത ദാനം

എനിക്കായ് അവനൊരുക്കും പറുദീസയ്ക്കായ്



നേരുന്നു മംഗളങ്ങള്‍ എന്നുമെന്നേയ്ക്കും

തൂവാനിസതന്‍ മടിത്തട്ടില്‍ സ്വസ്ഥനാം നല്ലിടയനു്

വല്ലഭനാമെന്‍ പാലകനു്

എന്‍പ്രിയനാടിന്‍ പ്രതിബിംബമാം തൂവെണ്മയെ

നിത്യത തന്‍ നിറകുടമേ

നിനക്കു് നമോവാകം !



ഹാ ! മുദ്രവെയ്ക്കട്ടെ ഞാനെന്‍ കവിത്വത്തിനു്

ഒന്നുമയങ്ങട്ടെ

സുഖ സുഷുപ്തിയില്‍ നീരാടട്ടെ ഞാന്‍



ഹാ കണ്ടോട്ടെ ഞാനെന്‍ പ്രിയ സഖയെ . . .

പ്രിയ പിതാമഹനെ . . .

പ്രിയ സോദരനെ . . .

പ്രിയ തനയനെ . . .

പ്രിയ വല്ലഭനെ . . .

മറയ്ക്കൊല്ല മുകിലേ മറയ്ക്കൊല്ല . . .

ഞാന്‍ നിരീക്ഷണ ക്യാമറയ്ക്കു് കീഴിലാണു്



ഹേ ! ഞാനൊരു ഹോം മേക്കര്‍

മരുങ്ങാര്‍ന്നൊരു വേലക്കാരി

രാപ്പകലില്ലാതെ പണിയേണ്ടുന്നവള്‍

എന്റെ വീഴ്ചകള്‍ക്കു്, എനിക്കു് മസ്തിഷ്ക പ്രക്ഷാളനം

നിരന്തര മാനസ പീഢനം

ഞാനൊരു സിസിടിവിയുടെ നിരീക്ഷണത്തിലാണു്

ശരീരമാകെ ചങ്ങലകള്‍

ഞാനൊരു തികഞ്ഞ അടിമ !

അംബേ ! വിമോചനത്തിനായി മറ്റൊരു ലിങ്കണ്‍ പിറക്കുമോ ?

പുത്തന്‍ വ്യവസ്ഥിതി ഉയിര്‍ക്കുമോ ?

അതെ. ഞാനൊരു വിവാഹിത

ഞാനൊരു ഭാര്യ

ഈ കാഞ്ചനക്കൂടെനിക്കു് തടങ്കല്‍ പളയം

വേദന സമ്മാനിക്കും കാരാഗൃഹം

ഹേ ! ഞാനൊരു ഹൌസ് കീപ്പര്‍

'വേതനമില്ലാ' വേലക്കാരി

വിമോചനമെനിക്കിനിയും അന്യമോ ?

ഹേ, ഗായകാ ! സ്വാതന്ത്ര്യം ആനന്ദത്തെ പരിശുദ്ധമാക്കന്നു

സ്വാതന്ത്ര്യം "ശുദ്ധി” തന്‍ ആത്മീയാനുഭവം !