ഡിസംബര്‍ ഒന്നു്, വ്യാഴം, 2016
മുന്‍പിലായ് നടുക്കും പത്ര വാര്‍ത്ത
ആഗ്രയില്‍, രണ്ടാമതും പെണ്‍കുഞ്ഞു് പിറക്കയാല്‍
കാന്തനും ബന്ധുക്കളും യുവതിക്കു് വിധിച്ചതു്
തലമുണ്ഡനം, മര്‍ദ്ദനം, സ്വഗേഹത്തില്‍ നിന്നു് ബഹിഷ്കരണവും
കുഞ്ഞിനു് 13 ദിവസം പ്രായം
ജനനി പടിക്കു് പുറത്തു്
അവള്‍ക്കു് കൈമുതലോ വിളര്‍ച്ച
ഏഴു് സംവത്സരം നീണ്ട ദാമ്പത്യ സമ്മാനം
തായേ !
എന്‍നയനങ്ങളില്‍ നിറയുന്ന
ചുടുകണ്ണീരാല്‍ ഞാന്‍ നിനക്കു്
ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു
അംഗനമാരില്‍ അഴകാര്‍ന്നവളെ
ഷാരോണിലെ പനിനീര്‍പൂവേ
താഴ്വരകളിലെ ലില്ലിപ്പൂവേ
ഇണപ്രാക്കള്‍പോലുള്ള നിന്‍കണ്‍കളിലെ ദൈന്യത
എനിക്കത്രമേല്‍ അസഹനീയം !
ലിംഗം (പെണ്‍) നിര്‍ണ്ണയിക്കുക പുരുഷ ജീനുകളെന്നു്
ശാസ്ത്രം നിസ്സംശയം തെളിയിച്ചിരിക്കെ
ദാരിദ്ര്യവും പെണ്‍ ജനനത്തിനു് വഴിവെയ്ക്കുമെന്നിരിക്കെ
നിരപരാധിയാം ഓമനേ
എന്‍ മാടപ്പിറാവെ, പൂര്‍ണ്ണവതീ
ഉയര്‍ത്തെഴുന്നേല്പിന്‍ കാതമണയെ
എന്റെ ഓമനേ, എന്റെ സുന്ദരി
നീയെഴുന്നേല്കുക, ഇറങ്ങി വരിക
നീ ചന്ദ്രനെപ്പോലെ കാന്തിമതിയും
സൂര്യനെപ്പോലെ തേജസ്വിനിയും
അമ്മയ്ക്കു് ഓമനയായവളെ
ഉദരത്തില്‍ വഹിച്ചവള്‍ക്കു് നീ അവികല
മുന്തിരിത്തോട്ടം നശിപ്പിക്കുന്ന കുറുക്കന്മാരെ
ആ ചെറു കുറുക്കന്മാരെ പിടികൂടുക;
നമ്മുടെ മുന്തിരത്തോപ്പു് പൂത്തുലയുന്നു
ജലസഞ്ചയങ്ങള്‍ക്കു് കെടുത്താനാവാത്ത വിധം
പ്രവാഹങ്ങള്‍ക്കു് ആഴ്ത്താന്‍ കഴിയാത്ത വിധം
തിരികൊളുത്തുക നാം പുതിയ പ്രതിരോധങ്ങള്‍ക്കു്
എന്റേയും നിന്റേയും, നമ്മുടെ, രോഷാഗ്നിയാല്‍
പ്രിയതേ ! ജ്വലിച്ചവസാനിക്കട്ടെ
ഈ അനീതിതന്‍ അവശേഷിപ്പുകള്‍
സമത്വത്തിന്‍, നന്മതന്‍ പുത്തന്‍ നാമ്പുകള്‍
വിടരുമീ പുതിയ പ്രഭാതം അണയട്ടെ.
(കടപ്പാടു് : പാട്ടുകളുടെ പാട്ടു്, ഉത്തമഗീതം - വി. ബൈബിള്‍)
No comments:
Post a Comment