Che

Che

Tuesday, January 30, 2018




സംഗീതം



സംഗീതമെന്നും മനുജനമൃതം

ജിവനു്തുടിതാളം

സംഗീതമേ നിന്‍ലയസിന്ധുവില്‍

എത്രയോകിനാക്കളൊരുക്കിവെച്ചു

ഒതുക്കിവെച്ചു



ദുഖക്കയത്തില്‍മുഴുകുമീ

അഗതികള്‍ക്കെന്നും നീ

അതിരില്ലാക്കിനാവൊരുക്കും

ശോകനാശിനി



നന്മയും നീതിയും സമൃദ്ധിയും സൌഹൃദവും

സൌരഭ്യം പരത്തുമൊരു പുതുലോകം

പതിതരെ കിനാവു് കാണിക്കുന്നു നീ



പട്ടിണിക്കാരനു് വിശപ്പു് മരവിപ്പിക്കുന്നതും

ഉലകിലുള്ളോരു പ്രണയികള്‍ക്കൊക്കെയും

സന്ദേശ വാഹനമായ് മാറുന്നതും നീ



അമര സംഗീതമേ, അസുലഭ രാഗങ്ങളെ,

അപര സ്വരം കര്‍ണ്ണങ്ങളില്‍ സംഗീതമായ് പൊഴിയുമൊരു

പൂക്കാലമണയട്ടെ പാരില്‍

വീണ്ടുമൊരു പൂക്കാലമണയട്ടെ പാരില്‍





വിവാഹത്തകര്‍ച്ച



മിന്നിത്തിളങ്ങും പൊന്നിന്‍

കിനാക്കള്‍ പേറി

ആതാ കുതിച്ചുതുള്ളി

ഒരു കറുത്ത ചെമ്മരിയാട്ടിന്‍

കുട്ടിപോലവള്‍



പൊടുന്നനെ, അച്ഛനമ്മമാര്‍

അവള്‍ക്കു് വിവാഹക്കുറിയിട്ടിരിക്കുന്നു



അങ്ങു ചൈനയില്‍ ഇണയെ, തുണയെ

വരിക്കേണ്ടതു് പ്രണയിച്ചു് മാത്രം



മധുര സ്വപ്നങ്ങള്‍ തന്‍ മണവറയില്‍

അവള്‍തന്‍ കൂട്ടിണ പകര്‍ന്നു് നല്‍കിയതോ

കാമഭ്രാന്തിന്‍ നേരനുഭവങ്ങള്‍

ബന്ധുക്കള്‍ തന്‍ ക്രൂരത വേറെ



രണ്ടു് മാസം നീണ്ട ദാമ്പത്യം

പാതിവഴിയിലവസാനിപ്പിച്ചു്

അവള്‍ മണ്ടുകയായിരുന്നു



ആരാണവളുടെ പൊന്നിന്‍

കിനാക്കള്‍ക്കു് കടിഞ്ഞാണിട്ടതു് ?‌

അവളെ ജീവച്ഛവമാക്കിയതിന്നുത്തരവാദി ആരു് ?

പ്രതി സമൂഹമോ ? സാമൂഹ്യവ്യവസ്ഥയോ ?

പുരുഷാധിപത്യപ്രവണതകളോ ?



നമുക്കറുതിവരുത്തണം

അവള്‍തന്‍ ധര്‍മ്മ സങ്കടങ്ങള്‍ക്കു്

ഭയപ്പാടുകള്‍ക്കു് . . .



പഠിപ്പിക്കണം നമുക്കു്

ആണ്‍കുഞ്ഞുങ്ങളെ

കുഞ്ഞുസുല്‍ത്താന്മാരെ

വീഴ്ചകൂടാതെ



കൂട്ടുകാരിക്കും, ഒരു ഹൃദയമുണ്ടെന്നു്

അവളുടെ ഞരമ്പിലും

ചുകന്ന രക്തം തന്നെയെന്നു്

പണികള്‍ നമുക്കു് തുല്യമെന്നു്

അവളേക്കൂടുതല്‍ പണിയിച്ചു് മേയേണ്ടെന്നു്



വന്ദിക്കുവതും വേണ്ട

പൂജിക്കുവതും വേണ്ട

നിന്ദിക്കരുതെന്നു്,

മാനിക്കണമെന്നു്

അവളെ വിലമതിക്കണമെന്നു്

അവള്‍ അമൂല്യയെന്നു്

അവളും സുല്‍ത്താനയെന്നു്





കണ്ണുനീര്‍



ഓരോ കണ്ണീര്‍കണവും

ഒരു ഗീതിയാലപിക്കുന്നു

ഒടുങ്ങാത്ത പ്രണയത്തിന്‍

അനവദ്യസ്നേഹത്തിന്‍

ഹൃദയതുടിതാളം





ശിശുപരിപാലനം സ്ത്രീവിമോചനം



അങ്ങു് നോര്‍ഡിക് രാജ്യങ്ങളില്‍

നാരിമാര്‍ ആനന്ദഗീതങ്ങളാലപിക്കുന്നു

അവള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നു്

കുഞ്ഞുങ്ങളെ പരിപാലിക്കുവാന്‍

അരുമ സഖയായ്, കൂട്ടിണ

അവന്‍ കൂടെയുണ്ടു്

സസ്നേഹം അവനതു് ചെയ്തീടുന്നു

തുണയായ് , തൊഴിലവധിയുമായ്

പിതൃ അവധി നല്‍കി സര്‍ക്കാരും



അവന്‍ പാല്‍ക്കുപ്പിയുമായിരിക്കെ

മടിയിലും ചുറ്റുമായ് പൊടിക്കുരുന്നുകള്‍

ആ കാഴ്ചയെത്ര സുഭഗം, സമ്മോഹനം



സ്വീഡന്‍, ഡെന്മാര്‍ക്ക്, നോര്‍വ്വെ,

എവിടേയും നാരിക്കു് തുല്യ പദവി

സ്വഗേഹത്തിലാട്ടെ, തൊഴില്‍ മേഖലയിലാട്ടെ,

രാഷ്ട്ര, ഭരണയിടങ്ങളിലാട്ടെ,

എവിടെയുമവള്‍ മാനിക്കപ്പെടുന്നു



ഇങ്ങിന്ത്യയിലും മറ്റുരാജ്യങ്ങളിലും

ഇതുതാന്‍ മാതൃകയാവേണം

ഓടിത്തളര്‍ന്നു്, കിതച്ചുമരിക്കുമീ

പൊന്നിണയ്ക്കു്, നമുക്കു് താങ്ങാവാം,

തുണയാവാം.





'ഓഖി'യും കടലും



തീവ്രദുഖത്തിന്‍ നെരിപ്പോടില്‍ നിന്നുയരുമീ

അമര്‍ഷത്തിന്‍ തോന്ന്യാക്ഷരങ്ങള്‍

അരുമ മകനേ നിനക്കായ് . . .



ഓമനേ !

നിന്‍ ഒളിപരത്തും കിനാക്കള്‍

ചുഴറ്റിയെറിഞ്ഞതു് ഓഖിയോ

നിര്‍ഗ്ഗുണ പരബ്രഹ്മങ്ങളാം

ഞങ്ങള്‍ മുതിര്‍ന്നവര്‍ തന്നെയോ . . .



'ഓഖി' എന്നു് നാമകരണം

ബംഗ്ലാഭാഷയില്‍ 'കണ്ണെ'ന്നതിനര്‍ത്ഥം



പതിവില്ലാതെ തീവ്രമാകുമീ

ചുഴലിക്കാറ്റിനു് ഹേതു

ശാസ്ത്രം ആഗോളതാപനമെന്നു്

അന്തരീക്ഷ നീരാവി വര്‍ദ്ധിക്കുന്നതെന്നു്

സുവിധം പ്രഖ്യാപിക്കേ

തിരിച്ചറിയുന്നു കുഞ്ഞേ ഞങ്ങള്‍

ലാഭം ആര്‍ത്തിയായ് മാറും

മുതലാളിത്ത വ്യവസ്ഥ

അന്തരീക്ഷ താപനം

കൂട്ടുകയേ ഉള്ളൂ എന്നു്



സ്കൂള്‍ പഠനം പാതിവഴിയില്‍

അവസാനിപ്പിച്ചു്, നീയാദ്യമായ്

അന്നത്തിനായ് കടലമ്മയെ പുല്‍കിയതും

അവള്‍ നിന്നെ 'ഓഖി'യായ്

കണ്ണായ് കൈക്കൊണ്ടതും



പട്ടിണിക്കുത്തരവാദി

മുതലാളിത്ത വ്യവസ്ഥയെന്നു്

അതേ, ലാഭാധിഷ്ഠിത വ്യവസ്ഥയെന്നു്

തിരിച്ചറിയുന്നു ഞങ്ങള്‍

പങ്കുവെയ്ക്കലിന്റെ, പരസ്പര സ്നേഹത്തിന്റെ

ഒരു നവലോക ക്രമത്തിനായ്

അണിചേരുക, നാമണിചേരുക



മാറ്റത്തിന്‍ പടഹധ്വനി മുഴക്കേണ്ടവര്‍

നിസ്സംഗതതന്‍ തേരില്‍ മയങ്ങവെ

ഈ കൊടും അപരാധികളേ പ്രതി

കുഞ്ഞേ, മാപ്പു്


Sunday, January 28, 2018




വിനയവും രൌദ്രവും



ഈ അനുഗ്രഹ വര്‍ഷധാരയില്‍

മേല്‍ക്കുമേല്‍ വിനയാന്വിതയാകുന്നു ഭദ്ര

ഇടമുറിയാത്തൊരീ അസഭ്യവര്‍ഷത്താല്‍

മേല്‍ക്കുമേല്‍ രൌദ്രയാകുന്നു ഭദ്ര.





സമ്മാനം



കുഞ്ഞേ !

ഈയമ്മയ്ക്കുനിനക്കു് കാഴച്ചവെയ്ക്കുവാനുള്ളതോ

ജനതതന്‍ സമത്വം കൊതിക്കുമീ

നിറമാര്‍ന്ന ഒരു കുന്നു് കിനാക്കാള്‍ മാത്രം. . .