Che

Che

Friday, December 4, 2009

സമയം സമാഗതമായ്

സമയം സമാഗതമായിരിക്കുന്നു
ആഗോള അനിശ്ചിതാവസ്ഥയ്ക്കു് അറുതി വരുത്തുവാന്‍
നീ പാടി പൂര്‍ത്തിയാക്കാതിരുന്നതു് പൂര്‍ത്തിയാക്കുവാന്‍

സ്വന്തം പെണ്‍കിടാവിനോടു് പിതാവിനു് തോന്നുന്ന കാമത്തിന്റെ അറുതിയ്ക്കായ്
തൂമ്പയെടുത്തു് കിളയ്ക്കുവാന്‍ പഠിപ്പിയ്ക്കാത്ത 'പേരന്റിങ്ങിനു്'
അങ്ങിനെ കുമ്പളം നടുമ്പോള്‍ വെള്ളരി കിളുക്കുന്നതിനെ
ഒന്നിനേക്കാള്‍ മെച്ചപ്പെട്ട വലിയൊരൊന്നു് ഉണ്ടാകാത്തതിനു്
തുടര്‍ച്ചയായെത്തുന്ന ദുരന്തങ്ങള്‍ക്കു് . . .
മുട്ടയോ കോഴിയോ ആദ്യമുണ്ടായതെന്ന ചര്‍ച്ചകള്‍ക്കു്

അമേരിക്കന്‍ 'സബ്പ്രൈം ക്രൈസിസിനു് ' ശേഷമെത്തിയ 'ദുബായ് വേള്‍ഡ് ക്രൈസിസിനു്'
ഒരുവന്റെ ഭാരം കുറയ്ക്കുവാനായി ജിമ്മിനു് കിലോയ്ക്കു് പണമടയ്ക്കേണ്ടുന്നതിനു്
മണ്ണില്‍ കൃഷി ചെയ്യാന്‍ മറന്നുപോയതു് മൂലം
ധനാഢ്യനു് സമ്മാനമായി ലഭിച്ച വന്ധ്യതയ്ക്കു്, 'ഹോര്‍മോണ്‍ ഇംബാലന്‍സിനു് '
ദരിദ്രനു് ദാരിദ്യം മൂലം ലഭിച്ച വന്ധ്യതയ്ക്കു്

കാലാവസ്ഥാ വ്യതിയാനങ്ങള്‍ കണ്ടു് അമ്പരക്കുന്ന നമ്മുടെ ഇന്നിന്റെ നൊമ്പരങ്ങള്‍ക്കു്
ഒസോണ്‍ പാളിയിലെ തുളകള്‍ക്കു്
ആര്‍ട്ടിക്കും അന്റാര്‍ട്ടിക്കും അംബയെ (ഭൂമിയെ) വിഴുങ്ങാതിരിക്കാന്‍
അനന്ത വിഹായസിലേയ്ക്കു് വാണമായി പോകുന്ന,
ലംബമായ നേര്‍രേഖ പോലെ മാത്രം പോകുന്ന, വിലക്കയറ്റങ്ങള്‍ക്കു്, വിലത്തകര്‍ച്ചകള്‍ക്കു്

ഒരുവന്റെ അഥവാ ഒരു സംഘത്തിന്റെ മാത്രം കീശ വീര്‍പ്പിക്കുന്ന ആസിയാനു്, കരാറുകള്‍ക്കു്,
ദോഹാ മീറ്റുകള്‍ക്കു്
നിരക്ഷരതയ്ക്കു്, തൊഴില്‍ശാലാ പഠനകേന്ദ്രങ്ങളുടെ അഭാവത്തിനു്
നിരക്ഷരതയും സാംസ്കാരിക നിലവാരവും തമ്മിലുള്ള ബന്ധം അറിയാതെ പോകുന്നതിനു്
നിരക്ഷരതയുടെ സന്തതിയാണു് പട്ടിണി, രോഗം, മാനഹാനി, അന്ധവിശ്വാസം എന്നിവ എന്നു് തിരിച്ചറിയാത്തതിനു്
കുഞ്ഞുങ്ങളെ മുളയിലേ നശിപ്പിക്കുന്നതിനു്, ഗര്‍ഭച്ഛിദ്രങ്ങള്‍ക്കു് . . .

എല്ലാ പുലി പെണ്‍കുഞ്ഞുങ്ങളോടുമുള്ള വിവേചനത്തിനു്
സ്നേഹത്തിനു് വഴിമാറേണ്ട അനുസരണയ്ക്കു്

നിരാസത്തിന്റെ നിരാസത്തെ അംഗീകരിക്കാതിരിക്കുന്നതിനു്
പുതിയ എന്തിനോടും വിമുഖത കാണിക്കുന്നതിനു്
കാലത്തിനു് പതുക്കെ പോക്കും വേഗം വര്‍ദ്ധിക്കുന്ന അവസ്ഥകളുമുണ്ടെന്ന മറവിയ്ക്കു്
ശാസ്ത്രങ്ങളുടെ ശാസ്ത്രമാണു് തത്വശാസ്ത്രമെന്നു് കാണാതെ, അറിയാതെ പോകുന്നതിനു്

എഴുത്തുകൊണ്ടു് കാലത്തെ തടയിടുന്നവന്‍ എഴുത്തുകാരന്‍
എന്നു് കുഞ്ഞുങ്ങളെ പഠിപ്പിക്കാത്തതിനു്
വായനയ്ക്കു് തുരങ്കം വെയ്ക്കുന്നവര്‍ക്കെതിരെ
ആര്‍ത്തി മതിയാവാത്ത മുതലാളിത്തത്തിനു്, സാമ്രാജ്യത്വത്തിനു്
കൃഷിക്കാരന്റേയും തൊഴിലാളിയുടേയും അധസ്ഥിതന്റേയും കണ്ണീരിനു് . . .

കുടുംബമാകുന്ന, കൂടുമ്പോള്‍ ഇമ്പമുണ്ടാകേണ്ടുന്ന, 'ഫര്‍ണസില്‍' കിടന്നു് പോരാടുന്ന അമ്മമാര്‍ക്കു്, അച്ഛന്മാര്‍ക്കു്,
അവരുടെ അന്ത: സംഘര്‍ഷങ്ങള്‍ക്കു്
ആഗ്രഹമില്ലാതിരുന്നിട്ടും അബോധത്തില്‍ പിഞ്ചോമനകളെ പൊതിരെ തല്ലുന്ന അമ്മമാര്‍ക്കു്

മദ്യപന്റെ മസ്തിഷ്ക-ശരീര പ്രഹരങ്ങളെ സഹിക്കുന്ന ധീര വനിതകളുടെ നീറ്റലുകള്‍ക്കു് . . .

അതിന്നറുതിയ്ക്കായി ഇനിയും ഞാന്‍ കാക്കണമെന്നോ . . .

'ഒരുവന്‍ അപരന്റെ വാക്കുകള്‍ സംഗീതം പോലെ' ശ്രവിക്കുന്ന ആ കാലത്തിനായി . . .

നിനക്കു് അതിനു് കഴിയുമെന്നിരിക്കെ, എനിക്കിനിയും കാക്കുക വയ്യ
പ്രതിരോധത്തിന്റെ പുതിയ പര്‍വങ്ങളുരയട്ടെ . . .
നമുക്കിനിയും സംഘം ചേരാം
നാമൊരുമിച്ചു്, തോളോടു് തോള്‍ ചേര്‍ന്നു്, മുട്ടിയുരുമ്മി കൊയ്യൂന്ന ആ പുഞ്ച
നമുക്കിവിടെ പുന: സൃഷ്ടിക്കാം

U can, U can, We w'll, We w'll
സ്വര്‍ഗം ഇവിടെയാണുണ്ണീ, ഇവിടെ തന്നെ
അമ്മയ്ക്കും അതാവതുണ്ണീ, നീ ക്ഷണിക്കൂ, ഞാനും നിന്‍ സംഘാംഗമാകാം . . .

1 comment:

  1. ഭദ്രഭൂമി ആദ്യമായി ഒരു കവിത പ്രസിദ്ധീകരിക്കുന്നു.
    ഭദ്രയുടെ കൃതികളുടെ പ്രസീദ്ധീകരണ മാദ്ധ്യമമായാണു് ഇതാരംഭിച്ചിരിക്കുന്നതു്.
    ഇതില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന കൃതികള്‍ ആര്‍ക്കും പകര്‍ത്തി ഉപയോഗിക്കാവുന്നതും പുന:പ്രസിദ്ധീകരിക്കുന്ന പക്ഷം ഇതേ വ്യവസ്ഥകളോടെ മാത്രം ആയിരിക്കേണ്ടതുമാണു്.(Copy right is left to the society and hence copy left).

    അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ക്ഷണിച്ചു കൊള്ളുന്നു.

    ReplyDelete