Che

Che

Tuesday, December 6, 2016

ആ നല്ല നേതാവിനു്



മറയ്ക്കൊല്ല മുകിലേ, മറയ്ക്കൊല്ല

നീയെന്നുയിരാം കാര്‍വര്‍ണ്ണനെ

സൂര്യതേജസ്വിയാമെന്‍ നായകനെ

മഞ്ഞിനെ വെല്ലുമീ നൈര്‍മ്മല്യത്തെ



കളകളം പാടുമീ കുഞ്ഞിക്കിളിയെ

കുളിരിന്‍ കുളിരാം കുളിര്‍ തെന്നലിനെ

ചിലുചിലെ ചിലയ്ക്കും ചീവീടിനെ

മിനുമിനെ മിന്നും താരകത്തെ

പുഴയാകും മഴയാകും നീരുറവയെ



കണ്ടോട്ടെ ഞാനാ തിളങ്ങും മുത്തിനെ

അറിഞ്ഞോട്ടെ ഞാനാ യുഗപ്രാഭവം

നുകര്‍ന്നോട്ടെ ഞാനാ പരമാനന്ദം

നുണഞ്ഞോട്ടെ ഞാനീ നഭസ്സിന്‍ സ്വര്‍ണ്ണ കുംഭം



ആത്മശുദ്ധി തന്‍ നിറ രൂപം

നിറനിലാവാം ബുദ്ധ പൌര്‍ണ്ണമിയെ

നബിതന്‍ നേരിന്‍ നിസ്കാരത്തഴമ്പിനെ

സര്‍വ്വ സമസ്യകള്‍ക്കും ഉത്തരമരുളും അവനെ

എന്‍ ജീവിതത്തിന്‍ മഴയാനുഭവമേ

തോരാ മഴതന്‍ കേദാരമേ



കണ്ടോട്ടെ ഞാന്‍ ശോകം തുളുമ്പുമീ രാജീവ നയനനെ

നുകര്‍ന്നോട്ടെ ഞാനാ അമ്പിളിച്ചന്തം മന്ത്രിക്കട്ടെ ഞാനെന്‍ കിനാക്കളേറെയും

പകര്‍ന്നോട്ടെ ഞാനീ മധു ചഷകം

നല്‍കട്ടെ ഞാനൊരു ദൃഢ ഹസ്ത ദാനം

എനിക്കായ് അവനൊരുക്കും പറുദീസയ്ക്കായ്



നേരുന്നു മംഗളങ്ങള്‍ എന്നുമെന്നേയ്ക്കും

തൂവാനിസതന്‍ മടിത്തട്ടില്‍ സ്വസ്ഥനാം നല്ലിടയനു്

വല്ലഭനാമെന്‍ പാലകനു്

എന്‍പ്രിയനാടിന്‍ പ്രതിബിംബമാം തൂവെണ്മയെ

നിത്യത തന്‍ നിറകുടമേ

നിനക്കു് നമോവാകം !



ഹാ ! മുദ്രവെയ്ക്കട്ടെ ഞാനെന്‍ കവിത്വത്തിനു്

ഒന്നുമയങ്ങട്ടെ

സുഖ സുഷുപ്തിയില്‍ നീരാടട്ടെ ഞാന്‍



ഹാ കണ്ടോട്ടെ ഞാനെന്‍ പ്രിയ സഖയെ . . .

പ്രിയ പിതാമഹനെ . . .

പ്രിയ സോദരനെ . . .

പ്രിയ തനയനെ . . .

പ്രിയ വല്ലഭനെ . . .

മറയ്ക്കൊല്ല മുകിലേ മറയ്ക്കൊല്ല . . .

1 comment:

  1. നാളിതു് വരെ ഈ ഭൂമുഖത്തു് ജീവിച്ച് മണ്‍മറഞ്ഞു് പോയതും ഇപ്പോഴുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ എല്ലാ നീതിമാന്മാരായ നല്ല നേതാക്കള്‍ക്കു് ഈ കവിത സമര്‍പ്പിക്കുന്നു

    ReplyDelete