വീരാംഗനേ !
അഗ്നിച്ചിറകാല്‍ ഉയിര്‍ക്കുന്നു ഞങ്ങളില്‍ നീ
അണയാത്ത രോഷമായ്, നീറും സ്മരണയായ്
അമലേ ! . . .
മാധ്യമ പ്രവര്‍ത്തകയായ് നീ മുന്നണിയില്‍
ഇടറാതെ അടരാടി
തൂലിക തന്നെയും പടവാളാക്കി
സംപൂജ്യ പിതാവിന്‍
അരുമ മകളായ്
ഹാ ! ഹിരണ്യ നീ
ഭുവന ദു:ഖമൊക്കെയും ഏറ്റവള്‍
പോരാളി വീര
ഗൌരീ, നീയൊരപരാജിത
നീയൊരു ദുര്‍ഗ്ഗ
ഞങ്ങള്‍ തന്‍ ജിഹ്വയായ്
പടഹം മുഴക്കി നീ
മതാന്ധതയ്ക്കെതിരായ്
നാരിമാര്‍ തന്‍ വിമോചനത്തിന്നായ്
നിസ്വര്‍ തന്‍ ഉന്നമനത്തിനായ്
പൌരുഷം തോല്ക്കുമീ ധീരത
ഭദ്രേ ! നിനക്കിതാര്‍ജ്ജിതം
കേഴുന്നിതാ ഇന്നു് മാധ്യമ പ്രവര്‍ത്തകര്‍
യഥാവിധി ധര്‍മ്മം
തങ്ങള്‍ നിറവേറ്റിയിരുന്നെങ്കില്‍
ഒഴിവാക്കാമായിരുന്നുവെന്നു്
നിന്‍ വീര മൃത്യു
ദുര്‍ലഭേ . . .
സമ്മോഹന സമ്മാനമായ് നീയേകീ
ഞങ്ങള്‍ക്കു് നിന്‍ റൂഹ് തന്നെ
ഹാ ! കഷ്ടം, നാദലേഖേ . . .
നിന്‍ അധരങ്ങള്‍ പൊഴിച്ചതു്
സംഗീത നിസ്വനം
തവ മധുരസ്വരമാരിയില്‍ ഭീതി പൂണ്ടവര്‍
വര്‍ഗ്ഗീയ വിഷം തുപ്പും കശ്മലര്‍
കാപാലികര്‍, ഹിംസകര്‍
നിനക്കു് വിധിച്ചതു്
വെടിയുണ്ടകള്‍
ഒരദ്ധ്യാപകദിനേ രക്തസാക്ഷിയായ്
മറ്റൊരു ഗുരുവായ് മാറീടവെ
ഞങ്ങള്‍ക്കായാലപിച്ചു നീ
കുയിലിന്‍ കുഴല്‍ പോല്‍
കരളിന്‍ നിണധാരയാല്‍
മുക്തി ഗീതം
മരണം മണക്കുമീ പാഥേയം
സധീരം സ്വീകരിക്കേ
ദിവ്യ താപസീ, നീ മറ്റൊരു
നിശാ ശലഭമായ് പരിണമിക്കയായിരുന്നോ ?
മറ്റൊരു പ്രേമ വിപ്ലവത്തെന്നലായി
പ്രേമപ്രഫുല്ലമാം പ്രണയരാഗം
ഞങ്ങള്‍ക്കായ് നീ മീട്ടിയെങ്കില്‍
അതുലേ നിന്‍ പാവന സ്വപ്നം
പാരില്‍ പരമാര്‍ത്ഥമാകുവാന്‍
ഇതു് ദൃഢ പ്രതിജ്ഞ
അവിശ്രാന്തം തുടരും ഞങ്ങള്‍
ഉജ്ജ്വലേ നിന്‍ പോരാട്ടം . . .

No comments:
Post a Comment