ഇറാനില്‍ ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകര്‍
കൃത്രിമ സൌന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതു് വിലക്കിയിരിക്കുന്നു.
അവിടെ പുരുഷ പ്രജകള്‍
സ്ത്രീയുടെ ആന്തരിക സൌന്ദര്യത്തെ തിരിച്ചറിയുന്നു
എന്നുകൂടി മനസിലാക്കാം.
ഇതാ ഇവിടെ, കൊച്ചിയില്‍, ഒരു സുന്ദരിയും ധനാഢ്യയുമായ
ഉയര്‍ന്ന ഉദ്യോഗസ്ഥയെ
തന്റെ സുഹൃത്തില്‍ നിന്നും, ഒരു പക്ഷെ, വഴിതെറ്റി വന്ന
SMS ന്റെ പേരില്‍ ഭര്‍ത്താവു് ഉപേക്ഷിച്ചിരിക്കുന്നു.
വെറും മാസങ്ങള്‍കൊണ്ടു് തകര്‍ന്ന കുടുംബജീവിതത്തിനു് മുന്നില്‍
നമ്മുടെ സോദരിമാര്‍, വേദാന്തികളായി മാറുന്നു.
എന്തേ ഈ ദുര്യോഗം . . . ?
കറുത്തവളെങ്കിലും റോസാ പുഷ്പം പോല്‍ സുന്ദരിയും
കാരിരുമ്പുപോല്‍ ദൃഢതയുമാര്ന്നവള് ഞാന്‍
മങ്ങിയ നിറമുള്ളവളാകയാല്
നിനക്കായ് വെയിലേറ്റു് ഇരുണ്ടുപോകയാല് *
നീ എന്നെ ഇപ്പോഴും തിരിച്ചറിയുന്നീല . . .
നിനക്കായ് ഞാന്‍ ദിനവും ലിപ്പ്സ്റ്റിക്കണിഞ്ഞൊരുങ്ങുന്നു . . .
എന്തിനാണു് ഞാന്‍ സൌന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്നതു്
നീ നാടൊട്ടുക്കും ചര്ച്ചയാക്കുന്നതു് ?
സിമ്പോസിയങ്ങള്‍ നടത്തുന്നതു് ?
അടച്ചുപൂട്ടിയ ഉദ്യാനമായ്, മുദ്രവെച്ച നീരുറവയായ് *
ഞാന്‍ നിന്നരികിലുള്ളപ്പോള്‍
നീ പിന്നെയും പുതിയ മരുപ്പച്ചകള്‍ തേടുന്നു . . .
നിന്നെ ഹൃദയത്തില്‍ മുദ്രയായും
കരത്തില്‍ അടയാളമായും പതിച്ചവള്‍ ഞാന്‍
ഈ ഇവള് കുയില്‍ നാദമാര്ന്നവള്
ഡിസംബറിലെ മഞ്ഞുപോല്‍ നൈര്മ്മല്യമാര്ന്നവള്
ഈ ഇവളൊരു ശക്തി ദുര്‍ഗ്ഗ
എന്നിട്ടും നീ എന്നെ ഉപയോഗിക്കാതെ പോകയോ . . .
എന്‍ ആണിപ്പാടുകളില്നിന്നിതാ രക്തം വാര്‍ന്നൊഴുകുന്നു . . .
എന്‍ നയനങ്ങളില്‍ കിനിയുന്നതും രക്തം തന്നെ.
ആ ക്രൂശിതയും ഞാന്‍ തന്നെ . . .
കാറ്റായു്, മഴയായ്, നിലാവായ്
ഞാന്‍ നിന്നിലലിയാന്‍ കൊതിക്കവെ
ഹേ പുരുഷാ, എന്നു് നീയെന്നെ തിരിച്ചറിയും ?
ആ തിരിച്ചറിവിന്റെ ദിനത്തില്‍,
ഈ ലിപ്പ്സ്റ്റിക്കും,
എല്ലാ സൌന്ദര്യ വര്‍ധകങ്ങളും
ഞാന്‍ ദൂരെയെറിയും . . .
മഴയ്ക്കായ് കേഴുന്ന വേഴാമ്പല്‍ പോല്‍
പുഞ്ചപ്പാടത്തു് ധ്യാനിക്കുന്ന കൊക്കുപോല്‍
പുഴയിറമ്പില്‍ മത്സ്യത്തിനായ് തക്കം പാര്‍ത്തിരിക്കുന്ന
നീലപ്പൊന്മാനിനേപ്പോല്
നിന്റെ ആ രണ്ടാം വരവു് ഞാന്‍
പ്രതീക്ഷയോടെ കാത്തിരിക്കുന്നു . . .
------------
* കടപ്പാടു് : ഉത്തമ ഗീതം (വിശുദ്ധ ബൈബിള്‍)
Monday, December 14, 2009
Subscribe to:
Post Comments (Atom)
a good work.don't stop here.continue writing with high confidence.
ReplyDeletes.remesan